ജില്ലാ പഞ്ചായത്ത് സമ്പുർണ്ണ ക്ളാസ് ലൈബ്രറി പ്രഖ്യാപനം ഓക്ടോബർ 16 ന് വാണിമേൽ ക്രസന്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ജില്ലയിലെ ഹൈസ്കൂളുകളിൽ നടപ്പിലാക്കി വരുന്ന എല്ലാ ക്ളാസ്സിലും ലൈബ്രറി പദ്ധതിയുടെ വിജയപ്രഖ്യാപനം ഓക്ടോബർ 16 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തും. മികവിന്റെ പൂമരം എന്ന് പേരിട്ട ഈ പദ്ധതി ജില്ല വിദ്യാഭ്യാസ സമിതി എഡ്യു കെയറിന്റെ കീഴിലാണ് നടപ്പിലാക്കി വരുന്നത്.
ക്ളാസ് ലൈബ്രറി എന്ന ആശയത്തെ പ്രായോഗികവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട് ജില്ലക്ക് മാതൃക കാണിച്ച വാണിമേൽ ക്രസന്റ് ഹൈസ്കൂളിനെ ചടങ്ങിൽ ആദരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ സുരേഷ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, വടകര ഡി ഇ ഒ മനോജ് കുമാർ, എഡ്യു കെയർ കോർഡിനേറ്റർ അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുക്കും

പുസ്തക ശേഖരണം, അലമാര സ്ഥാപിക്കൽ, ക്ളാസ് ലൈബ്രറി ഉൽഘാടനം, ബാഗ് ലൈബ്രറി, പ്രഭാത വായന, പുസ്തകക്കുറിപ്പ് നിർമ്മാണം, മാഗസിൻ പ്രകാശനം, പുസ്തക ചർച്ച, പത്രവായനക്വിസ്, അമ്മ വായന തുടങ്ങിയ പരിപാടികളാണ് ക്ളാസ് ലൈബ്രറിയുടെ കീഴിൽ നടന്നുവരുന്നത്.